തിരുവനന്തപുരം:കേരളത്തെ ആശങ്കയുടെ നിഴലിലാഴ്ത്തി ശരാശരി മഴ കണക്കു തികയ്ക്കാതെ തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുന്നു. ജൂണ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് ശരാശരി 2018.6 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്യേണ്ടത്. എന്നാൽ മഴക്കുറവിൽ വലഞ്ഞ കഴിഞ്ഞ വർഷത്തേക്കാൾ മോശം പ്രകടനമാണ് ഇക്കുറി കാലവർഷം ബാക്കിവയ്ക്കുന്നത്.
കഴിഞ്ഞ വർഷം കാലവർഷത്തിൽ 13 ശതമാനം മഴക്കുറവായിരുന്നെങ്കിൽ ഇക്കുറി ഇന്നലെ വരെ അത് 27 ശതമാനമായി. ഇക്കൊല്ലം കാലവർഷ കാലം അവസാനിക്കാൻ മൂന്നു ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ മഴക്കണക്കിന്റെ ശരാശരി പോലും തികയ്ക്കാതെയാണ് കാലവർഷം കേരളത്തിന്റെ പടി കടന്നു പോകുന്നത്. ഇതോടെ വരൾച്ചയുടെ നിഴലിലായിരിക്കുകയാണ് കേരളം.
ജൂണ് ഒന്ന് മുതൽ ഇന്നലെ വരെ 1992.2 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 1446.4 മില്ലിമീറ്റർ മാത്രമാണ്. ജില്ലകളിൽ വയനാടാണ് ഏറ്റവും വലിയ മഴക്കുറവ് നേരിടുന്നത്. ഇടുക്കിയിലും ഇക്കുറി മഴ ഗണ്യമായി കുറഞ്ഞു. ഇന്നലെ വരെ വയനാട്ടിൽ 53 ശതമാനവും ഇടുക്കിയിൽ 46 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഓഗസ്റ്റ് മാസം അവസാനത്തെ കണക്കിലും വയനാട്ടിൽ 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം, തൃശൂർ, പാലക്കാട്, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലും മഴക്കുറവ് തുടരുകയാണ്.
ഇന്നലെവരെ കൊല്ലം ജില്ലയിൽ 37 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ 31 ശതമാനവും തൃശൂരിൽ 30 ശതമാനവും പാലക്കാട് 29 ശതമാനവും എറണാകുളത്ത് 27 ശതമാനവും മലപ്പുറത്ത് 26 ശതമാനവും കാസർഗോഡ് 16 ശതമാനവും കോട്ടയത്ത് 15 ശതമാനവും തിരുവനന്തപുരത്ത് 14 ശതമാനവും കണ്ണൂരിൽ 11 ശതമാനവും പത്തനംതിട്ടയിൽ 10 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം കാലവർഷത്തിൽ 13 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2018.6 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 1752.7 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ കാലവർഷക്കാലത്ത് പെയ്തത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് കഴിഞ്ഞ വർഷം രൂക്ഷമായ മഴക്കുറവ് രേഖപ്പെടുത്തിയത്. മറ്റെല്ലാ ജില്ലകളിലും കഴിഞ്ഞ വർഷം ശരാശരിക്കടുത്ത് കാലവർഷ മഴ ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്.
എട്ടു ജില്ലകൾ രൂക്ഷമായ മഴക്കുറവിൽ വലയുകയാണ്. മഴ കുറഞ്ഞതോടെ കാർഷിക മേഖലയും ജലവൈദ്യുതി ഉത്പാദന മേഖലയും പ്രതിസന്ധിയിലാണ്. വേനൽക്കാലത്തിനു സമാനമായ രീതിയിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളും ഏറെയാണ്. കഴിഞ്ഞ ആഴ്ച ഇടവേളയ്ക്കു ശേഷം മഴ ശക്തിപ്പെട്ടത് ശുഭസൂചന നൽകിയിരുന്നെങ്കിലും പ്രതീക്ഷിച്ച അളവിൽ മഴ ലഭിച്ചില്ല.
ഇന്നലയോടെ മഴ തീർത്തും ദുർബലമായതിനു പിന്നാലെ കാലവർഷത്തിന്റെ പിൻവാങ്ങലും ആരംഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നെങ്കിലും സീസണിലെ മൊത്തം കുറവ് നികത്താൻ ഇതും പര്യാപ്തമാകില്ലെതാണ് നിലവിലെ സ്ഥിതി. മഴക്കുറവ് തുടർന്നാൽ വേനൽക്കാലത്ത് ജലലഭ്യത, കുടിവെള്ള വിതരണം, കാർഷിക മേഖല, ജലവൈദ്യുതി ഉൽപാദനം എന്നിവയിൽ സമ്മർദം വർധിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
ഏലം, കാപ്പി, കുരുമുളക് കൃഷിക്ക് തിരിച്ചടി
നെടുങ്കണ്ടം: എൽ നിനോയുടെ സ്വാധീനം ശക്തമായതോടെ ഇടുക്കിയിലെ മൺസൂൺ മഴയിൽ വലിയ കുറവ്. മഴയുടെ അളവിൽ മാത്രമല്ല, മഴ ലഭിക്കുന്ന സമയത്തിനുണ്ടായ മാറ്റവും ഹൈറേഞ്ചിലെ കാർഷിക മേഖലയെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷവും ഇടുക്കിയിൽ മൺസൂൺ മഴ സാധാരണയേക്കാൾ 35 ശതമാനം കുറഞ്ഞിരുന്നു.
ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസത്തിൽ കുറവ് 44 ശതമാനമായി ഉയർന്നു. മഴയുടെ ഇടവേളകൾ നീളുന്നതും ഇടയ്ക്കു ലഭിക്കുന്ന ശക്തമായ മഴയും കൃഷിക്ക് ഒരുപോലെ വെല്ലുവിളിയാകുകയാണ്.2025 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ഇടുക്കിയിൽ 1,674.5 മി.മീ. മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 2,574.3 മി.മീ. ആയിരുന്നു. 899.8 മി.മീ.യുടെ കുറവാണ് കഴിഞ്ഞ മൺസൂൺ കാലത്ത് രേഖപ്പെടുത്തിയത്. കുറവ് 35 ശതമാനം.ഈ വർഷം സ്ഥിതി കൂടുതൽ കടുത്തു. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ ഇടുക്കിയിൽ 1,239.2 മി.മീ. മഴ ലഭിച്ചു. ലഭിക്കേണ്ടത് 2,203.3 മി.മീ. ആയിരുന്നു. 964.1 മി.മീ.യുടെ കുറവ്.
കഴിഞ്ഞ വർഷവും കുറവ്; ഇത്തവണ കുറവ് ഇരട്ടിയായി
2025ലെ മൺസൂൺ കാലത്ത് ഇടുക്കിയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മഴ 35 ശതമാനം കുറഞ്ഞിരുന്നു. ഈ വർഷം ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കിൽ തന്നെ കുറവ് 44 ശതമാനത്തിലെത്തി. അതായത്, കഴിഞ്ഞ വർഷത്തെ മുഴുവൻ മൺസൂൺ കാലത്തെ കുറവിനേക്കാൾ വലിയ മഴക്കുറവാണ് ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ രീതിയനുസരിച്ച് തുടർച്ചയായി മഴ ലഭിക്കാതെ ദിവസങ്ങളോളം വരണ്ട കാലാവസ്ഥ തുടരുകയും പിന്നീട് ചുരുങ്ങിയ സമയത്ത് ശക്തമായ മഴ ലഭിക്കുകയും ചെയ്യുന്നത് മണ്ണിലെ ഈർപ്പം സ്ഥിരമായി നിലനിർത്താൻ സഹായിക്കണമെന്നില്ല. ശക്തമായ മഴയുടെ വലിയൊരു ഭാഗം ഉപരിതലത്തിലൂടെ ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ട്.
എൽ നിനോയുടെ സ്വാധീനം
പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലെ അസാധാരണ വർധനയുമായി ബന്ധപ്പെട്ട എൽ നിനോ ഇന്ത്യൻ മൺസൂണിനെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളിലൊന്നാണ്. 2026 ജൂൺ പകുതിയോടെ തന്നെ ഇടുക്കിയിൽ സാധാരണയേക്കാൾ 30 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. മൺസൂൺ ദുർബലമാകുന്ന സാഹചര്യത്തിന് എൽ നിനോ ഒരു പ്രധാന കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വ്യതിയാനങ്ങളും ന്യൂനമർദ സംവിധാനങ്ങളുടെ സാന്നിധ്യവും മൺസൂണിന്റെ ശക്തിയെ സ്വാധീനിക്കുന്നുണ്ട്.
ഏലത്തിന് ഈർപ്പം വേണം
മഴക്കുറവ് ഏറ്റവും നേരിട്ട് ബാധിക്കുന്ന പ്രധാന വിളകളിലൊന്നാണ് ഏലം. മണ്ണിലെ ഈർപ്പം കുറഞ്ഞാൽ ചെടികളുടെ വളർച്ചയെയും പൂക്കലിനെയും കായ്പിടിത്തത്തെയും ബാധിക്കാം. മഴയുടെ ഇടവേളകൾ നീളുമ്പോൾ കർഷകർക്ക് അധിക ജലസേചനത്തെ ആശ്രയിക്കേണ്ടിവരും. ഹൈറേഞ്ചിലെ ഏലം കൃഷിയിടങ്ങളിൽ മഴയുടെ അളവിനേക്കാൾ മഴയുടെ ഇടവേളയും മണ്ണിലെ ഈർപ്പത്തിന്റെ നിലനിൽപ്പും പ്രധാനമാണ്. തുടർച്ചയായ വരൾച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിച്ചാലും അതിന്റെ മുഴുവൻ ഗുണവും കൃഷിയിടങ്ങൾക്ക് ലഭിക്കണമെന്നില്ല.
കാപ്പിക്കും കുരുമുളകിനും തിരിച്ചടി
കാപ്പി കൃഷിയിലും മഴയുടെ സമയക്രമം നിർണായകമാണ്. മണ്ണിലെ ഈർപ്പം കുറയുന്നത് ചെടികളുടെ വളർച്ചയെയും പൂക്കലിനെയും കായ്പിടിത്തത്തെയും ബാധിക്കാം. മഴയുടെ ദീർഘമായ ഇടവേളകൾ കാപ്പിത്തോട്ടങ്ങളിൽ ജലസേചനച്ചെലവും വർധിപ്പിക്കും. കുരുമുളക് വള്ളികൾക്കും ആവശ്യത്തിന് ഈർപ്പം ലഭിക്കാത്തത് വളർച്ചയെയും കായ്കളുടെ രൂപീകരണത്തെയും ബാധിക്കാം. അതേസമയം പെട്ടെന്നുള്ള ശക്തമായ മഴ മണ്ണൊലിപ്പിനും വേരുകൾക്ക് സമീപം വെള്ളക്കെട്ടിനും ഇടയാക്കും.
വാഴയും പച്ചക്കറിയും പ്രതിസന്ധിയിൽ
വാഴ കൃഷിയിലും പച്ചക്കറി കൃഷിയിലും മഴക്കുറവിന്റെ ആഘാതം വേഗത്തിൽ പ്രകടമാകാം. മണ്ണിലെ ഈർപ്പം കുറയുമ്പോൾ ജലസേചനം വർധിപ്പിക്കേണ്ടിവരും. ചെറുകിട കർഷകരുടെ ഉത്പാദനച്ചെലവ് ഇതോടെ ഉയരും. പച്ചക്കറി കൃഷിയിൽ ജലലഭ്യത കുറയുന്നത് വിളകളുടെ വളർച്ചയെ നേരിട്ടു ബാധിക്കും. പ്രത്യേകിച്ച് മഴയെ ആശ്രയിച്ചുള്ള കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം പരിമിതമായതിനാൽ മഴയുടെ ഇടവേള നീളുന്നത് കർഷകർക്ക് വലിയ വെല്ലുവിളിയാണ്.
കുറയുന്നതു മാത്രമല്ല, മഴയുടെ സ്വഭാവവും മാറുന്നു
ഇടുക്കിയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം മഴയുടെ അളവിലെ കുറവ് മാത്രമല്ല. മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും ഇടവേളകളിലും മാറ്റമുണ്ട്. കുറച്ചുദിവസം കനത്ത മഴയും തുടർന്ന് ദീർഘമായ ഇടവേളയും എന്ന രീതി മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിന് അനുകൂലമല്ല. കനത്ത മഴ ലഭിക്കുന്ന ദിവസങ്ങളിൽ വെള്ളം വേഗത്തിൽ ഒഴുകിപ്പോകുമ്പോൾ മഴയില്ലാത്ത ദിവസങ്ങളിൽ മണ്ണ് വീണ്ടും വരണ്ടുപോകുന്നു. മലഞ്ചരിവുകളിലെ കൃഷിയിടങ്ങളിൽ ഇതോടൊപ്പം മണ്ണൊലിപ്പിന്റെ സാധ്യതയും വർധിക്കുന്നു.
ജലസംരക്ഷണം അനിവാര്യം
മഴയുടെ സ്വഭാവത്തിൽ വരുന്ന മാറ്റം കണക്കിലെടുത്ത് മഴവെള്ളം പരമാവധി സംഭരിക്കുന്നതിനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനുമുള്ള നടപടികൾക്ക് പ്രാധാന്യം നൽകേണ്ട സാഹചര്യമാണിപ്പോൾ. കൃഷിയിടങ്ങളിലെ ചെറിയ ജലസംഭരണികൾ, മഴവെള്ള സംഭരണം, മണ്ണിലെ ഈർപ്പം സംരക്ഷിക്കുന്ന രീതികൾ എന്നിവ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മഴയുടെ കണക്ക് കുറയുമ്പോൾ കർഷകന്റെ ആശങ്ക കൂടുന്നു. എന്നാൽ മഴ പെയ്യുന്ന ദിവസവും ഇടവേളയും മാറുമ്പോൾ പ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. എൽ നിനോയുടെ സ്വാധീനത്തിൽ ഇത്തവണ ഇടുക്കിയിൽ മൺസൂൺ മഴ 44 ശതമാനം വരെ കുറഞ്ഞതിന്റെ പ്രതിഫലനം വരും മാസങ്ങളിൽ ഏലം, കാപ്പി, കുരുമുളക്, വാഴ, പച്ചക്കറി കൃഷികളിൽ എത്രത്തോളം ഉണ്ടാകുമെന്നതാണ് ഹൈറേഞ്ച് കർഷകർ ഉറ്റുനോക്കുന്നത്.